Friday, November 29, 2013

ഹെഡ്ഗേവാറും സ്വാതന്ത്ര്യ സമരവും

“ബ്രിട്ടനെ ആക്രമിച്ച് ഭരിക്കുവാനോ അധീനമാക്കുവാനോ ഞങ്ങൾക്ക് തെല്ലും ഉദ്ദേശ്യമില്ല. ബ്രിട്ടീഷുകാർ ബ്രിട്ടൻ ഭരിക്കുന്നതു പോലെ , ജർമ്മൻ കാർ ജർമ്മനി ഭരിക്കുന്നത് പോലെ ഞങ്ങൾക്ക് മാതൃഭൂമിയിൽ സ്വയം ഭരണം നടത്താൻ അവകാശമുണ്ട് . വിദേശികളുടെ അടിമകളായി തുടരുന്നു എന്ന ചിന്തയിൽ ആ അപമാനവും ഞങ്ങളുടെ മനസ്സിൽ ദേഷ്യമുണർത്തുന്നു . പൂർണ്ണ സ്വാതന്ത്ര്യമാണ് ഞങ്ങൾ  ആവശ്യപ്പെടുന്നത് . അതു നേടുന്നതു വരെ ശാന്തമായി അടങ്ങിയിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല . ഞങ്ങളുടെ ഭൂമിയിൽ ഞങ്ങൾക്കു സ്വാതന്ത്ര്യം വേണമെന്ന ആവശ്യം നീതിക്കോ നിയമത്തിനോ എതിരാണോ ? നിയമം നിലനിൽക്കുന്നത് നീതിയെ നശിപ്പിക്കാനല്ല , നടപ്പിലാക്കാനാണ് എന്നാണെന്റെ വിശ്വാസം . അതായിരിക്കണം നിയമത്തിന്റെ പ്രധാന ഉദ്ദേശ്യവും . “
.
നാഗപ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ച് ജഡ്ജി ഹെഡ്ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് വിധിച്ചു .

1921 ഓഗസ്റ്റ് 5 നു കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പൂർണ്ണ രൂപം ..

“ 1, ഞാൻ ചെയ്ത പ്രസംഗങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തെക്കുറിച്ച് ഭാരതീയരുടെ മനസ്സിൽ വെറുപ്പും , വിദ്വേഷവും വിപ്ലവ മനോഭാവവും വളർത്തുകയും ഭാരതീയരുടേയും യൂറോപ്യന്മാരുടെയും ഇടയിൽ പരസ്പരം ശത്രുതയുടെ വിത്തുകൾ വിതറുകയും ചെയ്യുവാ‍ൻ കാരണമായി എന്നുള്ളതാണ് എന്റെ മേൽ ആരോപിച്ചിരിക്കുന്ന കുറ്റം ,ഇതിനൊരു വിശദീകരണം ഞാൻ ആവശ്യപ്പെടുന്നു .ഭാരതമണ്ണിൽ വച്ച് ഒരു ഭാരതീയനെ വിചാരണ ചെയ്ത് വിധിപറയുന്നതിന് ഒരു വിദേശ ഭരണകൂടം ഔദ്ധത്യം കാണിക്കുന്നു എന്നത് , എന്റെ പ്രിയപെട്ട മാതൃഭൂമിക്ക് നേരിടേണ്ടി വന്ന വലിയ അപമാനമായി ഞാൻ കരുതുന്നു .
.
2, ഇന്ന് ഭാരതത്തിൽ നിയമാനുസൃതം വ്യവസ്ഥാപിതമായ ഒരു ഭരണകൂടം നിലവിലുള്ളതായി ഞാൻ കരുതുന്നില്ല .ആരെങ്കിലും അങ്ങനെ അവകാശപ്പെട്ടാൽ അതു വിചിത്രമാണ് .ബലാൽക്കാരമായി തട്ടിപ്പറിച്ചെടുത്ത് സ്വന്തം ശക്തി കാണിക്കുന്ന ഒരു മർദ്ദക ഭരണമാണ് ഇന്നിവിടെയുള്ളത് .ഈ അനധികൃത ഭരണകൂടത്തിന്റെ കൈകളിലെ ചട്ടുകം മാത്രമാണ് ഇന്നത്തെ നിയമങ്ങളും കോടതിയും ., ലോകത്തിന്റെ ഏതു ഭാഗത്തായാലും ജനങ്ങൾക്കു വേണ്ടി , ജനങ്ങളാൽ നിയോഗിക്കപ്പെടുന്ന , ജനങ്ങളുടെ സർക്കാരിനു മാത്രമേ നിയമനിർവ്വഹണം നടത്താൻ അധികാരമുള്ളൂ .അങ്ങനെയല്ലാത്ത എല്ലാ ഭരണങ്ങളും ദുർബ്ബല രാജ്യങ്ങളെ കൊള്ളയടിക്കുവാൻ വേണ്ടി കയ്യേറ്റക്കാർ ഒരുക്കുന്ന കുരുക്കും കെണിയുമാണ് .
.
3, ഇന്ന് പരിതാപകരമായ അവസ്ഥയിൽ ആണ്ടുപോയ സ്വന്തം മാതൃഭൂമിയോടുള്ള  ഉത്കടമായ രാജ്യസ്നേഹം എന്റെ നാട്ടുകാരിൽ വളർത്താൻ ഞാൻ ശ്രമിച്ചു .ഭാരതം ഭാരതീയനുള്ളതാണ് എന്ന ഉത്തമ വിശ്വാസം അവരിൽ രൂഢമൂലമാക്കാൻ ഞാൻ പരിശ്രമിച്ചു .ഒരു ഭാരതീയൻ അവന്റെ സ്വന്തം ദേശത്തിനു വേണ്ടി സംസാരിക്കുന്നതും ദേശസ്നേഹം പ്രചരിപ്പിക്കുന്നതും രാജ്യദ്രോഹമായി കരുതുന്നുവെങ്കിൽ , ഭാരതീയരും യൂറോപ്യന്മാരുമായി വിരോധം വളർത്താതെ ഭാരതീയനു സത്യാവസ്ഥ തുറന്നു പറയാൻ നിർവ്വാഹമില്ലെങ്കിൽ , യൂറോപ്യന്മാരും ഭാരതത്തിന്റെ ഭരണാധികാരികൾ എന്നവകാശപ്പെടുന്നവരും ഒന്നു മനസ്സിലാക്കുന്നത് നന്ന് . നിങ്ങൾ ഇവിടെ നിന്നും കെട്ടുകെട്ടാറായിരിക്കുന്നു .
.
4, രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം നിലനിൽക്കുന്നതിനു പുലർത്തേണ്ട അടിസ്ഥാന തത്ത്വങ്ങൾ എനിക്കറിയാം . ബ്രിട്ടീഷുകാരോടും യൂറോപ്യന്മാരോടും പെരുമാറുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാറുന്റ് . എന്തായാലും ഞാൻ പറഞ്ഞിട്ടുള്ളത് എല്ലാം തന്നെ എന്റെ നാട്ടുകാരുടെ ജന്മാവകാശത്തെയും സ്വാതന്ത്ര്യം നേടേണ്ടതിന്റെ അനിവാര്യതയേയും കുറിച്ചാണ്. ഞാൻ ഉച്ചരിച്ച ഓരോ വാക്കിലും ഉറച്ചു നിൽക്കാൻ ഞാൻ തയ്യാറാണ് . എന്റെ മേൽ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾക്കെതിരെ എനിക്കൊന്നും പറയാനില്ലെങ്കിലും ഞാൻ ചെയ്ത പ്രസംഗങ്ങളിലെ ഓരോ അക്ഷരവും  വാക്കും ന്യായീകരിക്കാൻ ഞാൻ തയ്യാറാണ് . ഞാൻ പറഞ്ഞിട്ടുള്ളതെല്ലാം ന്യായ പൂർണ്ണമാണെന്ന് ഞാൻ ആവർത്തിച്ചു പറയുന്നു . “ !!!

( കേസിനാസ്പദമായ പ്രസംഗങ്ങളേക്കാൾ കുറ്റകരമാണ്  സത്യവാങ്മൂലമെന്ന്  ജഡ്ജി വിധിച്ചതിൽ അദ്ഭുതമില്ലല്ലോ .. !! )

അവലംബം : ഡോക്റ്റർ ഹെഡ്ഗേവാർ - കുരുക്ഷേത്രപ്രകാശൻ

0 comments:

Twitter Delicious Facebook Digg Stumbleupon Favorites More